Saturday, 2 June 2012

Blood donation

Blood donation save life (രക്തദാനം ജീവന്‍ദാനം)

നമ്മുടെ നാട്ടില്‍ ദിവസവും നൂറു കണക്കിനാളുകള്‍ക്ക് രക്തം ആവശ്യമായിവരുന്നു. ആവശ്യം വരുമ്പോള്‍ രക്തത്തിനായി നെട്ടോട്ടമോടുന്നവരില്‍ പലര്‍ക്കും സ്വന്തം രക്ത ഗ്രൂപ്പ്‌ ഏതെന്നു പോലും അറിയില്ല. ഒരു മാസം ചുരുങ്ങിയത് 20 പേരെങ്കിലും ഞങ്ങളുടെ പള്ളിയില്‍ (mar barsouma orthadox church.) രക്തം ആവശ്യപെട്ടു വരുന്നു. നാനാ ജാതി മതസ്ഥര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഞങ്ങളുടെ യൂത്ത് അസോസിയേഷന്‍, കേഫ സംഘടനകളുടെ പക്കലുള്ള "ലിസ്റ്റില്‍"നിന്നും ഇവര്‍ക്ക് മുഴുവന്‍ രക്തം കൊടുക്കാന്‍ കഴിയാറില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതു ജനങ്ങളില്‍ നിന്നും ഗ്രൂപ്പ്‌ SMS വഴി സഹകരണം ആവശ്യപെടാറുണ്ട്. നിര്‍ഭാഗ്യകരമെന്നു  പറയട്ടെ പലപ്പോഴും  ആരും രക്തദാനത്തുനു  തയ്യാറാവുന്നില്ല .മക്കള്‍ രക്തം കൊടുത്തെന്നറിഞ്ഞാല്‍ വഴക്ക് പറയുന്ന രക്ഷകര്‍ത്താക്കളും നമുക്കിടയില്‍ ഉണ്ട്.ഞങ്ങളില്‍ നിന്നും രക്തം സീകരിച്ചവര്‍ പോലും പിന്നീട് മറ്റൊരാള്‍ക്ക് രക്തം കൊടുക്കാന്‍ തയാറാവുന്നില്ല.ഞാന്‍  മനസിലാക്കിയിടത്തോളം  ഭൂരിഭാഗം ആളുകള്‍ക്കും ഭയമാണ്. രക്തം കൊടുക്കുന്നത് ദോഷമാണന്നു ഇവര്‍ കരുതുന്നു. ചിലര്‍ക്ക് സമയം ഒത്തുവരുനില്ല. ആരും മറ്റൊരാള്‍ക്ക് വേണ്ടി സമയം നഷ്ടപെടുത്താന്‍  തയാറല്ല. എല്ലാവര്ക്കും സ്വന്തം കാര്യം മാത്രം. ഇതൊരു പുണ്ണ്യപ്രവര്‍ത്തി ആയി കാണുന്ന കുറച്ചു പേര്‍ നമുക്കിടയില്‍ ഉണ്ട്. അവര്‍ ഓരോ മൂന്നു മാസം കൂടുമ്പോഴും രക്തം കൊടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. ആരോഗ്യമുള്ള ഓരോരുത്തരും വര്‍ഷത്തില്‍ ഒരു പ്രാവശ്യം എങ്കിലും രക്തദാനത്തിനു തയ്യാറായാല്‍ ഒരു പരിധി വരെ ഈ പ്രതിസന്ധിക്ക് ഒരു പരിഹാരമാണ്.
രക്തം ദാനം ചെയ്യാന്‍ മടിച്ച് രക്തഗ്രൂപ്പുതന്നെ മറച്ചുവെയ്ക്കുന്നവര്‍ നമുക്കിടയിലുണ്ട്.രക്തദാനത്തെക്കുറിച്ചുള്ള അജ്ഞതയും ഭയവുമാണ് ഈ പ്രവണതയ്ക്കു പിന്നില്‍.ആര്‍ക്കും എപ്പോഴെങ്കിലും രക്തദാതാക്കളുടെ ആവശ്യം വന്നേക്കുമെന്ന തിരിച്ചറിവ് ഓരോരുത്തര്‍ക്കും ഉണ്ടായിരിക്കണം.കൂടാതെ രക്തദാനം ജീവന്‍ദാനം തന്നെയാണെന്ന കാര്യവും.

രക്തദാനത്തിനുള്ള നിബന്ധനകള്‍
1. പ്രായം18 വയസ്സിനു മുകളിലും 60വയസ്സിനു താഴെയുമായിരി
ക്കണം.
2. ദാതാവിന്റെ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് 125ഷ/ലാ എങ്കിലും ഉണ്ടായിരിക്കണം.
3. 45 കിലോ ഗ്രാം തൂക്കമെങ്കിലും വേണം
4. രക്തദാനം ചെയ്യുന്ന സമയത്ത് ദാതാവിന് ഏതെങ്കിലും രോഗം ഉണ്ടായിരിക്കരുത്
5. രക്തമെടുക്കുന്ന സമയത്ത് സാധാരണ രക്തസമ്മര്‍ദവും ശരീരതാപനിലയുമുണ്ടായിരിക്കണം
ഇതു കൂടാതെ ചില പ്രതിരോധകുത്തിവെപ്പുകളെടുത്തര്‍ കുറച്ചുകാലത്തേക്ക് രക്തംദാനം ചെയ്യരുതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ നിഷ്‌കര്‍ഷിക്കാറുണ്ട്.
ഹെപ്പറ്റൈറ്റിസിനെതിരായുള്ള കുത്തിവെപ്പെടുത്തവര്‍ ആറുമാസത്തേക്കും പേ വിഷബാധയയ്‌ക്കെതിരായുള്ള കുത്തിവെപ്പെടുത്തവര്‍ ഒരു വര്‍ഷത്തേക്കും രക്തദാനം ഒഴിവാക്കണം.
ഇതു കൂടാതെ ഇനിപ്പറയുന്നവരില്‍ നിന്ന് രക്തം സ്വീകരിക്കാതിരിക്കുന്നതാണ് സുരക്ഷിതം.
* എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ്, സിഫിലിസ് തുടങ്ങിയ പകര്‍ച്ചവ്യാധികളുള്ളവര്‍.
* ചികിത്സയുടെ ഭാഗമായി സ്‌ററീറോയ്ഡ്, ഹോര്‍മോണ്‍ മരുന്നുകള്‍ തുടങ്ങിയവ കഴിക്കുന്നവര്‍.
* മയക്കു മരുന്നിന് അടിമപ്പെട്ടവര്‍, ഒന്നിലധികം പേരുമായി ലൈംഗികബന്ധം പുലര്‍ത്തുന്നവര്‍.
* മഞ്ഞപ്പിത്തം, മലേറിയ,ടൈഫോയ്ഡ്, റുബെല്ല എന്നിവ ബാധിച്ചിരുന്നവര്‍.
* രക്തദാനത്തിന് മുമ്പുള്ള 24 മണിക്കൂറില്‍ മദ്യം ഉപയോഗിച്ചവര്‍.
രക്തദാനം പാടില്ലാത്തവര്‍
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും രക്തം ദാനം ചെയ്യരുതെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.
ഗര്‍ഭം അലസി അധികകാലമാവാത്തവര്‍ക്കും ഇതു ബാധകമാണ്.
ആര്‍ത്തവസമയത്തും രക്തദാനം നിഷിദ്ധമാണ്.
ഹൃദ്രോഗം,വൃക്കകള്‍ക്ക് തകരാറ്,കരള്‍രോഗങ്ങള്‍ എന്നിവയുള്ളവര്‍ രക്തദാനത്തില്‍നിന്ന് വിട്ടുനില്ക്കണം.ആസ്ത്മ,കരള്‍രോഗങ്ങള്‍ എന്നിവയും രക്തദാനത്തിന് പ്രതികൂലമായ ഘടകമാണ്.
തെറ്റിദ്ധാരണകള്‍ അകറ്റുക
ചില അബദ്ധധാരണകളാണ് പലരേയും രക്തദാനത്തില്‍നിന്ന് അകറ്റുന്നത്. അതിലൊന്ന് ദാതാവില്‍ നിന്ന് എടുക്കുന്ന രക്തത്തെക്കുറിച്ചുള്ളതാണ്. ഒരു തവണ 350 മില്ലി ലിറ്റര്‍ രക്തമേ ഒരാളുടെ ശരീരത്തില്‍നിന്ന് എടുക്കുകയുള്ളൂ. നുഷ്യശരീരത്തില്‍ ശരാശരി ആറു ലിറ്റര്‍ രക്തമുണ്ടെന്ന് ഓര്‍മിക്കുക.ഇങ്ങനെ നഷ്ടപ്പെടുന്ന രക്തം 24 മുതല്‍ 48വരെ മണിക്കൂറിനുള്ളില്‍ ശരീരം വീണ്ടെടുക്കും. രക്തദാനത്തിന് എടുക്കുന്ന പരമാവധി സമയം 30മിനുട്ടാണ്. രക്തം ശേഖരിക്കാനുള്ള സമയം ആറുമിനുട്ട് മാത്രമേ വരൂ. തുടര്‍ന്ന് 10മിനുട്ട് വിശ്രമം നിര്‍ദ്ദേശിക്കാറുണ്ട്.ഇതിനു ശേഷം ജ്യൂസോ മറ്റു പാനീയങ്ങളോകഴിച്ച് ദാതാവിന് തന്റെ പതിവ് ജോലികളില്‍ ഏര്‍പ്പെടാം.എങ്കിലും അതി കഠിനമായ ജോലിയോ കായികവ്യായാമമോ ഒഴിവാക്കാവുന്നതാണ്. രുതവണ രക്തംദാനം ചെയ്തയാള്‍ മൂന്നുമാസത്തിനുശേഷം മാത്രമേ വീണ്ടും രക്തം നല്‍കാന്‍ പാടുള്ളൂ.
രക്തദാനം ആരോഗ്യപ്രദം
ശരീരത്തില്‍ അധികമായുള്ള കലോറി ഉപയോഗിക്കപ്പെടുമെന്നതും പുതിയ കോശങ്ങളുണ്ടാക്കാന്‍ മജ്ജ ഉത്തേജിപ്പിക്കപ്പെടുമെന്നതും രക്തദാനത്തിന്റെ ആരോഗ്യപരമായ ഗുണങ്ങളാണ്. അതിലുപരിയാണ് ഒരാളുടെ ജീവന്‍ രക്ഷിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാകുന്നുവെന്ന ദാതാവിന്റെ സംതൃപ്തി. കൂടാതെ നിര്‍ണായക സന്ദര്‍ഭത്തില്‍ തനിക്ക് രക്തം നല്‍കിയ ആളെ മറക്കാന്‍ രക്തം സ്വീകരിച്ചയാള്‍ക്ക് ഒരിക്കലും കഴിയില്ല. എന്നെന്നുമുള്ള ഒരാത്മബന്ധമായി അതു നിലനില്ക്കുകതന്നെ ചെയ്യും.